ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ഏതാണ്?.... മിക്കവര്‍ക്കും ഒരു സ്വരമേ കാണൂ.. കലാലയ ജീവിതം..ഇടക്കൊക്കെ പഴയ കാലത്തേക്കുള്ള തിരിഞ്ഞു നോട്ടം വല്ലാത്തൊരു അനുഭൂതിയാണ്.. പഠിപ്പിച്ച ഗുരുക്കന്‍മാരെ വീണ്ടും കണ്ടാലോ.. അത് വേറൊരു അനുഭൂതി... അതുപോലെയൊരു അനുഭവം ഉണ്ടായി...മുന്‍ രാഷ്ട്രപതി കെ. ആര്‍ . നാരായണന്റെ നാട്ടിലെ കോളേജില്‍ പഠിച്ച കാലത്ത് ഏറെ ആരാധനയോടെ നോക്കി നിന്ന അധ്യാപകനായിരുന്നു മലയാളം വിഭാഗത്തിലെ മാത്യു പ്രാല്‍ സാര്‍ ..പഠിപ്പിച്ചില്ലെങ്കിലും കോളേജ് ഓഡിറ്റോറിയത്തില്‍ ഇടക്കൊക്കെ മുഴങ്ങിയിരുന്ന ആ വാചാലത അവാച്യമായ ഒരു നിര്‍വൃതി നല്‍കിയിരുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം അറിവിന്റെ ആ വാചാലതക്ക് മുന്‍പില്‍ പഴയ കൂട്ടുകാരുമൊത്ത് ഒന്നിച്ചിരിക്കാനൊരു ഭാഗ്യമുണ്ടായി..ദുബായിലെ ഒരു പാര്‍ക്കില്‍ ഒരു വെള്ളിയാഴ്ച... ആ ഓര്‍മയില്‍ കുറിച്ചിട്ടതാണിത്.
"ഗുരോ.. വന്ദനം..."
ആ മരത്തണലില്‍ അങ്ങയോടോപ്പമുണ്ടായിരുന്ന ഒരു പകല്‍ ...
മനസ്സില്‍ നിറയെ പൂര്‍വ കാല സ്മൃതികള്‍ അലയടിച്ച ഒരു പകല്‍ ...
മറക്കാനാവില്ല...
ആ മരത്തണലില്‍ കസേരയില്‍ സ്വതസിദ്ധമായ ശൈലിയോടെ ഒരല്‍പം മുന്നോട്ട് ചാഞ്ഞു വാക്കുകള്‍ക്കൊപ്പം ഒരല്‍പം ചലിച്ചും തുടര്‍ന്ന അനര്‍ഗളമായ വാഗ്ധോരണി...
കാമുവും കാഫ്കയും ചുള്ളിക്കാടും വിനയ ചന്ദ്രനും കടമ്മനിട്ടയുമൊക്കെ ഞങ്ങളുടെ ഇടയില്‍ എവിടെയോ ഇരുന്ന് സാഹിത്യ ചര്‍ച്ച നടത്തുന്നത് പോലെയൊരു തോന്നല്‍ ..
വാക്കുകള്‍ക്കു വായുവിനെ നിശ്ചലമാക്കുവാനാകുമോ?
അറിയാതെ ചിന്തിച്ചു പോയി..
ഇടയ്ക്കു വീശിയ കാറ്റിനിടയില്‍ പൊഴിഞ്ഞു വീണ ഇലകളുടെ ശബ്ദം മനസ്സിനെ സബീല്‍ പാര്‍ക്കിലാണ് ഇരിക്കുന്നതെന്ന സത്യത്തിലേക്ക് മടക്കി കൊണ്ടുവന്നു.
ആരോ അറിയാതെ പറഞ്ഞു പോയി..
"ഹാ!.. ഈ പകല്‍ അവസാനിക്കതിരുന്നെന്കില്‍ ...?"
ഓര്‍മകളിലെവിടെയോ കേട്ട് മറന്ന ഒരു നാടന്‍ പാട്ടിന്റെ ഈണം പോലെ ഇടയ്ക്കു കടന്നെത്തിയ കുളിര്‍ കാറ്റ്..
ഉഴവൂരിന്റെ ക്ലാസ് മുറികളില്‍ ഒരല്‍പം പരിഭ്രമത്തോടെ പ്രാല്‍ സാറിന്റെ മുന്നില്‍ നിന്നു ചൊല്ലിയ കവിതകള്‍ പോലെ..
വീണ്ടും കുറെ കവിതകള്‍ ...സര്‍ഗ്ഗ സംഗീതവും വയലാറും ബഷീറും ഒക്കെ പൂര്‍വികരുടെ നാവിലൂടെ മനസ്സിലേക്കെത്തി..
കലാലയ കാലഘട്ടത്ത് ആ അധ്യാപനം ആസ്വദിക്കുവാന്‍ ഭാഗ്യം കിട്ടാത്തവര്‍ക്ക് അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു നവ്യാനുഭവവും..
ആ ഒരു പകലിനു നൂറായിരം നന്ദി..
ഒടുവില്‍ ആ കൈകള്‍ ഉയര്‍ത്തി പ്രാല്‍ സാര്‍ അനുഗ്രഹിച്ചപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞ പോലെ...
ഒപ്പം മനസ്സും..
ഇടയ്ക്കു തണുത്ത കാറ്റിനിടയില്‍ ഇലകള്‍ തല വന്ദിച്ചു പറയുന്നത് പോലെ..
" ഗുരോ...വന്ദനം..."
5 years ago