ചാറ്റല്‍ മഴ നിര്‍ത്താതെ നിന്നെ ഞാന്‍ പനി പിടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ പെയ്തുകൊണ്ടിരുന്ന ഒരു തണുത്ത ജൂണ്‍ മാസ പുലരിയിലാണ് ഞനാദ്യമായി കോളേജിലേക്ക് പോകാന്‍ തയാറായത്.
അതിരാവിലെ ചാറ്റല്‍ മഴ വക വയ്കാതെ അല്പം വഴുക്കലുള്ള പാറയില്‍ സൂക്ഷിച്ചു ചവിട്ടി , വീടിനു കുറച്ചു താഴോട്ടു മാറി പറകളില്‍ തെന്നിത്തെറിച്ച് കുണുങ്ങിയൊഴുകുന്ന കൊച്ചു നീര്‍ച്ചാലില്‍ വിസ്തരിച്ചൊരു കുളിയും പാസാക്കി.
വര്‍ഷങ്ങളായുള്ള ഇഷ്ട ഭക്ഷനം പഴങ്കഞ്ഞിയും മോരും ഒരു ചെറിയ കാന്താരി മുളകും കൂട്ടി പ്രാതല്‍ അടിച്ച് മഴയോട് “പൊടാ പുല്ലെ “ എന്നു പറഞ്ഞ് ഒരു കോല്ലേജ് കുമാരന്‍ ആയതിന്റെ അഹങ്കാരത്തില്‍ ബസ് സ്റ്റോപ്പിലേക്ക് കാല്‍ നീട്ടി വച്ച് നടന്നു.
ജൂണ്‍ മാസത്തിന്റെ മഴത്തിമിര്‍പ്പിനിടയിൽ കുഴഞ്ഞു കിടന്ന ചെമ്മണ്‍ പാത വള്ളിച്ചെരിപ്പിനെ മാധ്യമമാക്കി എന്റെ പുത്തന്‍ ഷര്‍ട്ടിന്റെ പുറകു വശത്തായി കുറെയേറെ ഡിസൈനുകള്‍ വരയ്ക്കുന്നുണ്ടായിരുന്നു.. അതൊന്നും എനിക്കു പ്രശ്നമല്ലായിരുന്നു.
തൊടുപുഴ മുതല്‍ സ്കൂൾ പിള്ളേരോട് കലഹിച്ച് മടുത്ത “കിളികള്‍” കാവൽ നില്ക്കുന്ന PJMS എന്റെ കൊചു ഗ്രാമത്തിന്റെ കൊച്ചു ബസ് സ്റ്റോപ്പില്‍ മടിച്ച് മടിച്ച് കാല്‍ കൊടുത്തു നിന്നു. വലതു കാൽ വച്ചു തന്നെ ബസ്സില്‍ കയറി. അടുത്ത് സ്റ്റോപ്പില്‍ നിന്നു ഒന്നാം ക്ളാസ് മുതല്‍ സഹ ബെഞ്ചുകാരന്‍ ആയിരുന്ന സോജനും കയറി..ആദ്യതെ കോളേജ് യാത്രയുടെ ഉത്സാഹം അവന്റെ മുഖത്തും ദൃശ്യം
കുറുമണ്ണിന്റെ തൊട്ടിപ്പുറത്തായി മേലുകാവിനു തിരിയുന്ന ഇഞ്ചികാവ് എന്ന കൊച്ച് മുക്കില്‍ ബസ്സിറങ്ങി. ST ക്കാശിന്റെ പേരില്‍ കണ്ട്ക്ടറുമായി ഒരു ചെറിയ അങ്കവും അതിനിടയില്‍ നടത്തിയിരുന്നു. കണ്‍സഷന്‍ കാര്ടില്ലാതെ എസ് റ്റി തരില്ലെന്ന ഭീഷണിക്കു വഴങ്ങാതെ എസ് സ്റ്റി പൈസ കൈയിലിട്ടിട്ട് ഇറങ്ങിപ്പോന്നു ( ഫുള്‍ ചാര്‍ജ് കൊടുക്കാജ് കൈയിലില്ലെന്നത് അവനോട് പറയേണ്ട കാര്യമുണ്ടൊ?)
ബസ്സിറങ്ങിയിട്ടു സോജന്‍ കയ്യില്‍ വലിച്ചു കീട്ടിയിരിക്കുന്ന ക്ലോക്ക് പോലെ തോന്നിപ്പിക്കുന്ന എച്. എം.ടി .വാച്ചില്‍ നോക്കി പറഞ്ഞു.
“എടാ.. സമയം പോയോ എന്നൊരു സംശയം..വേറെയാരെയും കാണുന്നില്ലല്ലൊ”
ചാറ്റൽ മഴയോട് യുദ്ധം ചെയ്തു വാങ്ങിയ ജലദോഷത്തിന്റെ ബലത്തില്‍ ആഞ്ഞൊന്നു തുമ്മി അടുത്തു കണ്ട മാടക്കടയിലെ ചട്ടയിട്ട ചേടത്തിയോട് ചോദിച്ചു.
“ചേടത്തീ..മേലുകാവിനുള്ള ബസ് പോയോ”
“ഡാ മോനേ..കോളെജിലേക്കാണോ?. ഒമ്പതു മണിയുടെ അഞ്ജലി പോയല്ലോ.. 10 മണിയുടേത് ഉണ്ടാവുമൊ എന്നുറപ്പില്ല.. കുറച്ചു കൂടിയൊക്കെ നേരത്ത് ഇറങ്ങണ്ടേ?”
തീര്‍ന്നു..എല്ലാ ഉല്‍സാഹവും റോക്കറ്റിലേറി ഭൂമി വിട്ടു.
എന്തു ചെയ്യും???
ഞങ്ങള്‍ രണ്ടൂ പേരും ഒരു ചോദ്യ ചിഹ്നം പോലെയായി.
“നമുക്കു നടക്കാമെടാ. നാലഞ്ചു കിലോമീറ്ററല്ലേ ഉള്ളൂ”
നീലൂര്‍ മല നിരകളില്‍ ഓടിക്കളിച്ചതിന്റെ ആത്മ വിശ്വാസത്തില്‍ സോജന്‍ പറഞ്ഞു.
സംഗതിയൊക്കെ ശരിയാണെങ്കിലും ആദ്യ ദിവസം തന്നെ ഈ ചാറ്റല്‍ മഴയില്‍ ഇത്രയും ദൂരം നടക്കാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.
സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ കാലുകള്‍ നീട്ടി വച്ച് വലിഞ്ഞു നടന്നു മേലുകാവിന് .(നല്ല പൊക്കമുള്ള സോജന്റെ ഒപ്പമെത്താന്‍ താരതമ്യേന കുറിയ എനിക്കു വലിഞ്ഞു തന്നെ നടക്കേണ്ടി വന്നു.)
പകുതി വഴിയായപ്പോളെക്കും കാലുകള്‍ നീങ്ങുന്നില്ലെന്നു തോന്നി. സോജനു മാത്രം ഒരു കുഴപ്പവുമില്ല. മഴയുടെ പകരം വീട്ടല്‍ തുമ്മലിന്റെയും ശരീര വെദനയുടെയും രൂപത്തില്‍ പതുക്കെ അരിച്ചെത്താന്‍ തുടങ്ങി.. പനി പിടിക്കുമോ?
ഏന്തി വലിഞ്ഞു മേലുകാവെത്തിയപ്പോളെക്കും ഒരു പരുവമായി. മേലുകാവിനു തൊട്ടിപ്പുറത്ത് കുരിശുങ്കല്‍ ഷാപ്പിന്റെ അരികു ചേര്‍ന്നുള്ള ചെറിയ റോഡിലൂടെ നടന്നപ്പോള്‍ ദൂരെ നിന്നേ കേള്‍ക്കാം കോളെജില്‍ നിന്നുള്ള ആരവം.
കോളെജ് കാമ്പസ്സിന്റെ തൊട്ടടുത്തുള്ള കൈത്തോടിന്റെ മുകളിലെ കൊച്ചു പാലത്തിലൂടെ നടക്കുമ്പോള്‍ ആകെ മൊത്തം ഒരു കുളിരു.. പനി കൊണ്ടുള്ള കുളിരാണൊ അതോ ആദ്യമായി കോളെജില്‍ പോകുന്നതിന്റെ കുളിരാണൊ? വേര്‍തിരിച്ചറിയാനായില്ല.
ഇതെന്തൊരു കോളേജാ? ഒരു പഴയ സ്കൂള്‍ പോലെയുണ്ട്. പാലാ സെന്റ് തോമസ്സിലും തൊടുപുഴ ന്യൂ മാനിലും ആപ്ലിക്കേഷന്‍ കൊടുക്കാന്‍ പോയതിന്റെ ഓര്‍മ മനസ്സില്‍ നില്ക്കുകയാൺ . ദുഷ്റ്റന്മാര്‍. മാര്‍ക്ക് കുരവാനെന്ന ഒറ്റ കാരണം കൊണ്ട് അഡ്മിഷന്‍ തന്നില്ല.
മേലുകാവ് കോളെജിലാണെല്‍ കിട്ടിയിരിക്കുന്നതു ഫൊര്‍ത് ഗ്രൂപ്പും.. എന്തുവാണ് പടിക്കാന്‍ പോവുന്നതെന്നു പോലും ഒരു രൂപവുമില്ല.
അസ്ബസ്റ്റോസ് മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ ഫോര്‍ത് ഗ്രൂപ്.
വലിയ ക്ലാസ് മുഴുവന്‍ ആളുകള്‍. ഒരു നൂറു പേരില്‍ കൂടുതല്‍ കാണും.
പെമ്പിള്ളാരുടെ ഭാഗതാണ് ആളു കൂടുതല്‍.
കൂഴ ചക്കപ്പഴത്തിനു ചുറ്റും ഈച്ചകള്‍ ഇരമ്പി ആര്‍ക്കുന്നതു പോലെ ആണ്‍കുട്ടികള്‍ പറന്നു നടക്കുന്നു.
“ മുഴുവന്‍ സീനീയെഴ്സ് ആണ്.. അവന്മാര്‍ പരിചയപ്പെടാന്‍ വന്നതാ “ അടുത്തിരുന്ന ജൈസന്റെ കമന്റ്.
“ലെവന്‍ മാര്‍ക്കൊക്കെ പെമ്പിള്ളേരെ മാത്രം പരിചയപ്പെട്ടാല്‍ മതിയൊ?” അമര്‍ഷം കടിച്ചമര്‍ത്തി സോജന്റെ മറുചോദ്യം.
ഖദറിട്ടവരും വള്ളിച്ചെരുപ്പും അയഞ്ഞ ഷര്‍ട്ടും മുണ്ടും അണിഞ്ഞവരുമൊക്കെ കൂടെയുണ്ട്..അവരാണ് കോളെജിലെ കുട്ടി സഖാക്കളും കോണ്ഗ്രസ്സുകാരും.
അവരു മാത്രം ആമ്പിള്ളേരുടെ അടുത്തേക്കു വരുന്നുണ്ട്. ഞ്ഞങ്ങളുടെ സഹായം അവര്‍ക്കു കൂടിയേ തീരൂ,.
രാവിലെ മുതലുള്ള മഴ നനഞ്ഞ് എനിക്കു നന്നയി പനിക്കാന്‍ തുടങ്ങിയിരുന്നു.
ബഞ്ചില്‍ ഇരുന്നിട്ട് വല്ലാത്ത വിമ്മിഷ്ടം.ശരീരമാസകലം വേദന. പരിചയപ്പെടാന്‍ ആളുകള്‍ വരുന്നത് അസഹ്യമായി തോന്നി. സ്വാഭാവികമായും മറുപടിയില്‍ ഈര്‍ഷ്യയുടെ രുചി അലിഞ്ഞു ചേര്‍ന്നിരുന്നു.
ആരോടൊക്കെയൊ “എടാ” എന്നു സംബൊധന ചെയ്യുകയും ചെയ്തു.
സീനിയര്‍ ആയതിന്റെ അഹങ്കാരത്തില്‍ വിരിഞ്ഞു നില്ക്കുന്ന ചേട്ടന്മാര്‍ ഇതു കേട്ടാല്‍ അടങ്ങി ഇരിക്കുമോ?
എന്നെ വളഞ്ഞു നിന്ന് ചീത്ത് പറയാൻ ആരംഭിച്ചു. അക്കൂട്ടത്തില്‍ മുന്നില്‍ നിന്നതു കറുത്ത് ഷര്‍ട്ടിട്ട ജിജോ എന്ന ആള്‍ ആണെന്നതു ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍ക്കുന്നു.
“ എടാ കുമ്പ്ലാ മതിയെടാ. അവനെ നമുക്കു പിന്നെ പിടിക്കാം.”
കുമ്പ്ലന്‍ അവന്റെ ഇരട്ട പ്പേർ ആണെന്ന് പിന്നെ മനസ്സിലായി. കുമ്പളങ്ങയുടെ ആകൃതിയില്‍ ഉരുണ്ടിരിക്കുന്നതു കൊണ്ട് ഇട്ട പേര്‍ ആണത്രേ..(പില്‍ക്കാലത്ത് ഇതേ വ്യക്തി തന്നെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരില്‍ ഒരാള്‍ ആയി.)
അങ്ങനെ സംഭവ ബഹുലമായ ദിവസത്തിനൊടുവില്‍ 3.45 ന്റെ അഞ്ജലി ബസ്സില്‍ വലിഞ്ഞു കയറി പനിയുടെ ക്ഷീണത്തിലും , ചേട്ടന്മാരുടെ വായില്‍ നിന്നു കേട്ട വികട സരസ്വതിയുടെ ആലസ്യത്തിലും ഞാന്‍ വീട്ടിലെക്ക് മടങ്ങി. സോജന്‍ കൂടെ ഉണ്ടായിരുന്നൊ? ഓര്‍ക്കുന്നില്ല. ഒന്നും ഓര്‍ക്കാൻ പറ്റിയ മാനസ്സികാവസ്ഥയില്‍ ആയിരുന്നില്ല എന്തായലും ഞാന്‍.
വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ ഒരുത്തരം മാത്രം.
“നിനക്കതു വേണം..പിള്ളേരയാല്‍ ഇത്ര അഹങ്കരിക്കരുതു..”
വയര്‍ നിറഞ്ഞു.ഇനിയൊന്നുറങ്ങിയാല്‍ മതി..
കണ്ണടച്ചിട്ടു ഉറക്കം വരുന്നില്ല. കണ്ണടച്ചാല്‍ കേള്‍ക്കുന്നതു ചേട്ടന്മാരുടെ ചീത്ത വിളി മാത്രം.
അറിയാതെ ദൈവത്തെ വിളിച്ചു പോയി. ദൈവമേ...!!! ഇങ്ങനായിരിക്കുമോ ഇനിയുള്ള നാളുകളും??
5 years ago