പുസ്തകങ്ങള്‍ ഒഴിയാത്ത കയ്യുമായി മാത്യു സാര്‍ കടന്നു പോയി..
മെലിഞ്ഞു നീണ്ട് ഉയരം കൂടിയ ആ ശരീരം ക്ലാസ് മുറിയുടെ പ്ലാറ്റ് ഫോമിനു മുന്നിലെ മേശമേല്‍ ഒരല്പം ചാരി ഇടം കൈ മാറില്‍ കെട്ടി വലം കയ്യില്‍ പുസ്തകം മടക്കി ഉയര്‍ത്തിപ്പിടിച്ചു പാഠ ഭാഗം വിശദീകരിക്കുന്ന മാത്യു സാര്‍. ..ഓര്‍മയില്‍ മുഴങ്ങി നില്‍ക്കുന്ന ശബ്ദം..
ഇട മുറിയാത്ത വാക്കുകളുടെ പ്രവാഹമായിരുന്നു ആ ക്ലാസ്സുകള്‍ .സംസാരതിനിടയില്‍ ഇടയ്ക്കിടെ വാക്കുകളുടെ താളത്തിനൊത്ത് ആ കയ്യുയരും.. മനസ്സിനെ ഒഴുക്കുന്ന വാക്കുകള്‍ക്ക് ഒരു തുഴകോല്‍ എന്ന പോലെ അതങ്ങനെ ചലിക്കും..
"അയാള്‍ അവിടെയൊരു വിത്ത് നട്ടു..
ആ വിത്ത് വളര്‍ന്നു..
അതൊരു മരമായി..
മരത്തില്‍ പക്ഷികള്‍ വന്നു..
കൂടൊരുങ്ങി..
പിന്നീടെപ്പോളോ
പക്ഷികള്‍ പറന്നു പോയി..
ഇലകള്‍ കൊഴിഞ്ഞു പോയി..
കൊഴിഞ്ഞ ഇലകള്‍ക്കിടയില്‍ പക്ഷികളുടെ തൂവലുകള്‍ ചിതറിക്കിടന്നു..
മരം ഉണങ്ങി..ആരുമറിയാതെ അത് മണ്ണില്‍ അലിഞ്ഞു.."
പാട്യ ഭാഗങ്ങള്‍ക്കിടയില്‍ ചിതറി വീഴുന്ന വാക്കുകളും ആ ശൈലിയും ഒക്കെ മറക്കാന്‍ ഈ ശ്വാസമുള്ള കാലത്തോളം ആവുമെന്ന് തോന്നുന്നില്ല..
കൈകളില്‍ എപ്പോളും പുസ്തകങ്ങളും ആയി നടക്കുന്ന മാത്യു സാര്‍ ഒരത്ഭുതമായിരുന്നു..ഉയരക്കാരനായ ആ മനുഷ്യന്‍ കടന്നു പോകുമ്പോള്‍ സംസാരിക്കാന്‍ ഒരല്‍പം ഭയമായിരുന്നു. ക്ലാസ്സുകളില്‍ എത്തിയാല്‍ ആളാകെ മാറും...അന്തരീക്ഷത്തെ സ്വന്തം വാക്കുകള്‍ക്കും ചിന്തകള്‍ക്കും ഒപ്പം ചലിപ്പിക്കാന്‍ ഒരസാധാരണ വൈഭവം ആയിരുന്നു സാറിന്..
മാത്യു പണിക്കര്‍ എന്ന പേരും ഒരു ചര്‍ച്ചാ വിഷയമായിരുന്നു.. മാത്യു എന്ന ക്രിസ്ത്യന്‍ പേരിനൊപ്പം പണിക്കര്‍ എങ്ങനെ വന്നു?
മേലുകാവിലെ ചെറിയ തണുത്ത കാറ്റ് വീശുന്ന ഒരു ദിവസം ക്ലാസ്സിനിടയില്‍ ആരോ ചോദിച്ചപ്പോള്‍ സാര്‍ പറഞ്ഞു.. അതൊരു സ്ഥാനപ്പേരാണ്..
പണ്ട് രാജാക്കന്മാരുടെ കാലത്ത് രാജാക്കന്മാര്‍ കല്‍പ്പിച്ചു കൊടുത്തതാനത്രേ.. ഇന്ന് ആ ശാഖയിലുള്ള ആളുകള്‍ പേരിനൊപ്പം പണിക്കര്‍ എന്ന പേരും ചേര്‍ക്കുന്നു..അതൊരു പുതിയ അറിവായിരുന്നു അന്ന്..
ക്ലാസ്സെത്ര മെച്ചമായാലും അലസനായിരിക്കുന്ന എന്‍റെ സ്വഭാവം ആ ക്ലാസ്സുകളിലും വ്യത്യസ്തമായിരുന്നില്ല.. ഒരു ദിവസം..മേശമേല്‍ ചാരിയിരുന്നു ഗദ്യ വിവരണം നടത്തുന്ന സാറിനെ ഞാന്‍ ഒരു കടലാസ്സില്‍ വരയ്ക്കാന്‍ ശ്രമിച്ചു.. നൂറിലധികം ആളുകള്‍ തിങ്ങിയിരിക്കുന്ന പ്രീ ഡിഗ്രി ക്ലാസ്സില്‍ ഏതാണ്ട് മധ്യ ഭാഗതായിരിക്ക്കുന്ന ഉയരം കുറഞ്ഞ എന്നെ സാര്‍ കാണുന്നുണ്ടാവില്ല എന്നായിരുന്നു ധാരണ.. സമയം കടന്നു പോയി.. ഏകദേശം ഒക്കെ വരച്ചു ഒപ്പിച്ചു...ഇടയ്ക്കു ഒന്ന് മുഖമുയര്‍ത്തി നോക്കിയപ്പോള്‍ എന്നെ തന്നെ നോക്കിയിരിക്കുന്ന മാത്യു സാര്‍..
നെഞ്ചിലുണ്ടായ ആളലില്‍ നാവും തൊണ്ടയും വരണ്ടു..
നീളമേറിയ ആ കൈകള്‍ എന്‍റെ നേരെ ചൂണ്ടി പറഞ്ഞു..
"ആ സ്കെച് ഇങ്ങു കൊണ്ട് വാ.."
വിറയ്ക്കുന്ന കാലടികളോടെ കയ്യിലിരുന്ന കടലാസ് സാറിന് കൊടുത്തു..
പതുക്കെ കടലാസ്സില്‍ നോക്കിയിട്ട് ആ മുഖത്ത് പിശുക്കിയ ഒരു ചിരി..
അതെന്റെ മനസ്സില്‍ കുളിര്‍മഴ ആയി പെയ്തു..
"എനിക്കിത്രയും ഗ്ലാമര്‍ ഇല്ലല്ലോടോ.."
ഭാഗ്യം സാര്‍ വേറൊന്നും പറഞ്ഞില്ലല്ലോ..
ആ ചിത്രം കുറേക്കാലം എന്നോടൊപ്പം ഉണ്ടായിരുന്നു. പിന്നീടെപ്പോലോ നഷ്ടപ്പെട്ടു..
നാളുകള്‍ കഴിഞ്ഞപ്പോള്‍ മാര്‍ച്ചിലെ വിരഹത്തിന്റെ വേദനകള്‍ക്കിടയില്‍ സാര്‍ ഓട്ടോ ഗ്രാഫില്‍ എഴുതി.. ആരും എഴുതാത്ത ഒരു വാചകം..
"വരുമെന്ന് ഉറപ്പുള്ളത് ഒന്ന് മാത്രം.. മരണം "
വ്യത്യസ്തമായ ചിന്തകള്‍ വാക്യങ്ങളായപ്പോള്‍ മാത്യു പണിക്കര്‍ സാറിന്റെ വാചകങ്ങള്‍ അല്ഭുതമുണ്ടാക്കിയില്ല.. അതായിരുന്നു മാത്യു സാര്‍.
വ്യത്യസ്ഥനായി ചിന്തിച്ചു.. പറഞ്ഞു.... നടന്നു..
ഇപ്പോള്‍ കടന്നു പോയി..
ഇന്ന് രാവിലെ സുഹൃത്തിന്റെ ഇ മെയില്‍ കണ്ടപ്പോള്‍ അറിയാതെ ഞെട്ടി.. ഇന്നലെ വൈകിട്ട് ജീവിതം മതിയാക്കി ആ മനീഷി പറന്നു പോയി..
ആ ശരീരം അകന്നെങ്കിലും..
ആ ചിന്തകളും.. ശബ്ദവും . മങ്ങാത്ത ചിത്രങ്ങളായി ഞങ്ങളുടെ മനസ്സില്‍ ഉണ്ടാവും..
പ്രിയ സാറിന് ആദരാഞ്ജലികള്‍ ..
5 years ago