
"എന്തുവാ അണ്ണാ.. ഈ പ്രവാസികള്‍ക്കിപ്പോളും ഓണം കഴിഞ്ഞില്ലേ....?"
"പ്രവാസിയുടെ സങ്കല്‍പ്പങ്ങളിലെന്നും ഓണമാ അനിയാ...."
"എന്തരു അണ്ണാ ഇത് ... ?മനസ്സിലാവുന്ന പോലെ പറ..."
"ഡാ.... കൊച്ചനെ...പ്രവാസിക്കൊരു ജീവിതമുണ്ട്...പെട്ടന്ന് പറയാനാവാത്ത ഒരു പ്രത്യേക ജീവിതം...അവനൊരു ലോകമുണ്ട്...അകലെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നിറഞ്ഞ ഒരു ലോകം... "
"ഉം...... എന്നിട്ട്.......?
"ജോലിയും പിന്നെ താമസസ്ഥലവും മാത്രമായി നാളുകലങ്ങനെ കഴിയുമ്പോള്‍ ജീവിതം വെറുമൊരു ശ്വസോച്ച്വാസ പ്രക്രിയ മാത്രമായി മാറുന്നു... അതിനിടയില്‍ കഴിഞ്ഞു പോകുന്ന കാലത്തെപ്പറ്റിയും മടങ്ങി വരാത്ത നിമിഷങ്ങളെ കുറിച്ചും ആര്‍ക്കും ഓര്‍ക്കാന്‍ പോലും നേരം കിട്ടാറില്ല..."
" കഷ്ടം തന്നെ അല്യോ അണ്ണാ...."
"അതെയതെ.... പിന്നെ ഇതിനിടക്ക് വരുന്ന ഓണമൊക്കെയാണ് ഗ്രിഹാതുരത്വത്തിന്റെ വേദന മനസ്സില്‍ നിറക്കുന്നത് ... കഴിവുള്ളവര്‍ ടിക്കെറ്റൊക്കെയെടുത്തു പ്രിയപ്പെട്ടവരുടെ അടുത്തേക്ക് പോകും..."
"അപ്പോള്‍ അവധി കിട്ടാത്ത ആളുകളൊക്കെ എന്ത് ചെയ്യും അണ്ണാ...?"
"ജീവിതമല്ലേ അനിയാ...എല്ലാ ദുഖവും കണ്ണടച്ചങ്ങു സഹിക്കും...തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ ഓര്‍ക്കും...പിന്നെ... നമ്മുടെ കവി ചുള്ളിക്കാട് പറഞ്ഞപോലെ ആ ദുഖവും ഒരാനന്ദമാണ്....."
"ഇവരെങ്ങനെയാ അണ്ണാ ഓണം ഒക്കെ ആസ്വദിക്കുന്നത്......... ? "
" നമ്മുടെ നാട്ടിലെ പോലെ അത്തം പത്തിന് തന്നെ പ്രവാസിയുടെ മുറിയില്‍ ഓണം വരാറില്ല......"
"അതെന്തുവാ അണ്ണാ അങ്ങനെ...? കടലിനക്കരെ ആയതുകൊണ്ടാണോ......?.
"അതൊക്കെ അവധി ദിവസങ്ങളിലൊക്കെ ആയിരിക്കും..പിന്നെ കൂടാതെ ഇപ്രാവശ്യം നോമ്പുകാലം കൂടിയല്ലേ..."
"അങ്ങനെയാണല്ലേ...?"
"നോമ്പൊക്കെ കഴിഞ്ഞു എല്ലാരും പലയിടങ്ങളില്‍ ഒത്തു കൂടി കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകും...പൂക്കളങ്ങളും കൈകൊട്ടിക്കളികളും ഒക്കെ അവിടെ പുനര്‍ജനിക്കും..."
"അണ്ണന് പറഞ്ഞത് ശരിയാണല്ലോ.. ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ.."
"ഇപ്പോളെങ്കിലും നീ സമ്മതിച്ചല്ലോ.."
"അതൊക്കെ പോട്ടെ അണ്ണാ... അണ്ണനും ഒരു പ്രവാസിയല്ലെ.. അണ്ണന്റെ കാര്യവും ഇങ്ങനെ ആണോ...?
" ഗ്രിഹാതുരതയുടെ കാര്യത്തില്‍ എല്ലാ പ്രവാസിയും ഒരുപോലെയാ...ഈ "ഇച്ചിരിപ്പിടിയോളം " ജീവിതം മുഴുവനും ഉഷ്ണക്കാറ്റില്‍ കണ്ണിലേക്കു അടിച്ചു കേറുന്ന നനുത്ത മണല്‍തരികളെ കൈ കൊണ്ട് മറച്ചു ഒരു നിമിഷം നിറഞ്ഞു ഉരുകുപ്പോയ കണ്ണീര് തുള്ളിയെ തുടച്ചു വിങ്ങലുകള്‍ നിറയുന്ന ഹൃദയത്തെ സ്വയം സ്വാന്തനിപ്പിച്ചു അടുത്ത നിമിഷത്തിലെക്കുള്ള യാത്ര..."
" അണ്ണാ.. വിഷമിക്കണ്ട... അണ്ണന്റെ ജീവിതം മുഴുവനും ഓണമാകട്ടെ..... അടുത്ത ഓണം വരെയും ആ സന്തോഷം നീളട്ടെ.."
"എനിക്ക് മാത്രമല്ല.. തിരുവോണം കഴിഞ്ഞെങ്കിലും മനസ്സില്‍ നിറയുന്ന ആ കൈകൊട്ടിക്കളിയുടെയും കൈകളില്‍ നിറഞ്ഞ പൂക്കളുടെയും സങ്കല്പ്പങ്ങളില് നിറഞ്ഞ ഓലക്കുടയുടെയും സമൃദ്ധിയുടെയും ഓര്‍മകളില്‍ ഞങ്ങളും ആടട്ടെ.. ഒരു ഊഞ്ഞാല്.. സന്തോഷത്തിന്റെ ഊഞ്ഞാലില്‍..."