
"ശ്രോതൃ ഹൃദയങ്ങളെ അരയാലില പോലെ അവിരത സ്പന്ദനം കൊള്ളിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്... ?".. അന്ന് പത്താം ക്ലാസിലെ മലയാളം പുസ്തകത്തില്‍ നിന്ന് പല തവണ പറഞ്ഞു പഠിച്ച വാചകം.....
മലയാള സമൂഹത്തിന്റെ മനസ്സുകളെ നിരന്തരം ചലിപ്പിച്ചുകൊണ്ട് ആ കുറിയ മനുഷ്യന്റെ ജിഹ്വ അതിന്റെ വിജയ യാത്ര തുടരുന്നു..
ആരാണ് അഴീക്കോട്..? ചിന്തകന്‍ ? വിമര്ശകന് ? പ്രഭാഷകന്‍ ? എഴുത്തുകാരന് ? എല്ലാത്തിനും അതേ... അതേ.. എന്ന് നാവുകള്‍ ചലിക്കുന്നു...
ഒരല്പം കൂടി കടത്തി ചിന്തിക്കുമ്പോള്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ട വിമര്ശകന്...
"ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്നാ പുസ്തകം മുതല്‍ വിമര്‍ശനത്തിനു തനതായ ഒരു രൂപവും ഭാവവുമാണ് അദ്ദേഹം പകര്‍ന്നത്...ഒരു പക്ഷെ ഒരു കവിയെ ആഴത്തില്‍ പഠിച്ചു ഇത് പോലെ വിമര്‍ശിച്ചു കൊണ്ട് എഴുതിയ വേറൊരു കൃതി മലയാളത്തില്‍ ഉണ്ടോ എന്ന് പോലും സംശയമാണ്...
അനുസ്യൂതം തുടരുന്ന ആ വാക്കുകള്‍ തന്നെയാണ് അദേഹത്തെ ശ്രദ്ധേയനാക്കിയത്...തലയല്‍പ്പം ആട്ടിക്കൊണ്ട് ഒരു കൈ അല്പം ഉയര്‍ത്തി ഒരു സമുദ്ര പ്രവാഹം പോലെ അലയടിച്ചെത്തുന്ന വാക്കുകള്‍... അതൊരനുഭവമാണ്.. ഗാനഗന്ധര്വന് പറഞ്ഞത് പോലെ ഒരു സുന്ദരമായ കച്ചേരി പോലെയുള്ള ഒരനുഭവം.... ആ വാക്കുകളുടെ പ്രവാഹത്തില്‍ മയങ്ങി ഇരിക്കാത്ത സഹൃദയങ്ങളുണ്ടോ..?....
എന്തിനിങ്ങനെയൊക്കെ പറയാന്‍ തോന്നുന്നു... മറ്റൊന്നുമല്ല.. ഇന്ന് ഏറ്റം ക്രൂരമായി വിമര്‍ശിക്കപ്പെടുന്ന ഒരു വിമര്ശകന് കൂടിയാണ് ഇദ്ദേഹം...
ഇന്ന് ആളുകള്‍ക്ക് അദ്ദേഹം എന്ത് പറഞ്ഞാലും വിമര്‍ശിക്കാനെ സമയമുള്ളൂ... അദ്ദേഹം രാഷ്ട്രീയം പറഞ്ഞാല്‍ ആക്ഷേപം, സാഹിത്യം പറഞ്ഞാല്‍ ആക്ഷേപം , സിനിമയെക്കുറിച്ച് പറഞ്ഞാല്‍ ആക്ഷേപം...വിവാത്തെക്കുരിച്ചു പറഞ്ഞാല്‍ ആക്ഷേപം...എല്ലാത്തിനും ആക്ഷേപം മാത്രമേ പേര് കേട്ട മലയാള സമൂഹത്തിനു കൈമുതലായുള്ളൂ... ഇതേ കൂട്ടര് തന്നെയാണ് മലയാളത്തിന്റെ മാധവിക്കുട്ടിയെ ഈ മണ്ണില്‍ നിന്ന് ആട്ടിയോടിച്ചത്,അവര്‍ ഇനിയും സഹൃദയരേ ആട്ടിയോടിക്കും.. ഇവിടെ വിവരമില്ലായ്മയെ കുടിയിരുത്തും..
മലകള്‍ക്കും മേലെ ഉയര്‍ന്നു നില്ക്കുന്ന വ്യക്തി പ്രഭാവന്ഗ്ന്ങളെ അവര്‍ക്ക് കാണാനാകില്ല..കാണുന്നത്.. വെള്ളിത്തിരയിലെ സട കൊഴിഞ്ഞ സിംഹങ്ങളെയും പല്ല് പോയ പുലികളെയും.. അവരവയെ പാലുകൊണ്ടും പൂക്കള്‍ കൊണ്ടും ഒക്കെ അഭിഷേകം ചെയ്യും.. അറിയാതെപറഞ്ഞു പോകുന്നു.. ലജ്ജിക്കയെന്റെ കേരളമേ..
ഈ കുറിയ മനുഷന്റെ ചിന്താ സരണികളെ ഏറെ സ്വാധീനിച്ച വാഗ്ഭഡാനന്ദനെക്കുറിച്ച് വായിച്ചിട്ടുണ്ട്.. തെറ്റുകള്‍ക്ക് നേരെ ധീരമായി പ്രതികരിച്ചിരുന്ന അതികായന്.... തത്വ സംഹിതയുടെ പൂര്‍ണ രൂപം കണ്ടയാള്‍..... വാഗ്ഭദ്ദനന്ദന് പ്രതികരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മത വികാരം വ്രണപ്പെടുന്നതായി തോന്നിയിരുന്നില്ല..
ഇന്നോ...മതത്തെ തട്ടി എന്ത് പറഞ്ഞാലും അത് മത വികാം വ്രണപ്പെടുതലായി......അക്ഷേപങ്ങളായി.. സമൂഹത്തിലെ കൊള്ളരുതാത്തവനായി...
സമൂഹത്തിന്റെ വൈദേശിക വല്‍ക്കരണത്തിന്റെ ഒരു ഇര കൂടിയാണ് അഴീക്കോട് എന്ന് തോന്നുന്നു.. സാന്ദര്‍ഭികമായ ആലങ്കാരിക പ്രയോഗങ്ങള്‍ പോലും ചെത്തി മിനുക്കിയെടുത്തു എഡിറ്റ് ചെയ്തു വിപരീത അര്‍ത്ഥത്തിലാക്കി വിവാദത്തിലാക്കുന്നുണ്ട് നമ്മുടെ പേര് കേട്ട മാധ്യമ മഹാത്മാക്കള്‍...അച്യുതാനന്ദനെക്കുറിച്ചു പറഞ്ഞ ചെറിയ ഒരു കമന്റ് ആണ് നൂറ്റാണ്ടിലെ തെറ്റായി നമ്മുടെ മാധ്യമ മഹാത്മാക്കള്‍ ചിത്രീകരിച്ചത്..
ഒരു നിമിഷം അറിയാതെ അദ്ദേഹവും നിസ്സഹായനായി പോകുന്നോ എന്ന് സന്ദേഹിക്കുകയാണ്...
അദ്ദേഹം പണം വാങ്ങി പ്രസംഗിക്കുന്നതില്‍ എന്താണ് തെറ്റ്...?....ചെയ്യുന്ന പ്രവൃത്തി ആസ്വദിക്കാന്‍ ആളുകള്‍ ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ ആളുകള്‍ കൂടുന്നത്.. പ്രസംഗത്തിന് പണം വരുന്നതും...
അഴീക്കോടെ ഉയര്‍ത്തിയ വെല്ലുവിളികള്‍ ഇവിടെ എത്ര ആളുകള്‍ക്ക് നേരിടാന്‍ പറ്റിയിട്ടുണ്ട്?... കുറച്ചു കാലം മുന്‍പ് എം. പി. വീരെന്ദ്രകുമാരുമായി തര്‍ക്കം ഉണ്ടായപ്പോള്‍ പൊതു വേദിയില്‍ ചര്‍ച്ച ചെയ്യാമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും തലയില്‍ മുണ്ടിട്ടണ് വീരന് ഓടി ഒളിച്ചത്....കുറച്ചു കാലങ്ങള്‍ക്കു ശേഷം വന്നത് നടേശന്..ഗുണ്ടകളെ വിട്ടായിരുന്നു പൊതു വേദികളില്‍ ഈ കുറിയ മനുഷ്യനെ ആ മഹാന് നേരിട്ടത്..
ഇന്നിപ്പോള്‍ കൂട്ടയാക്രമണം തുടരുകയാണ്...ആക്രമിക്കുന്നവര്‍ക്ക് ആദര്‍ശങ്ങളല്ല മുന്പില്... അഹന്ത മാത്രം...
ഹൃദയത്തിന്റെ ഭാഷയില്‍ പറയാന്‍ കൊതിക്കുന്നു..... ആ വാക്കുകള്‍ ഒഴുകട്ടെ അനുസ്യൂതമായി... ഞെട്ടുന്ന ചില്ലകള്‍ ഞെട്ടട്ടെ.. വന്മരം ആയി ഉറച്ചു നിന്ന് ഇനിയും ഉയരട്ടെ ആ കൈകള്‍... "ശ്രോതൃ ഹൃദയങ്ങളെ അരയാലില പോലെ അവിരത സ്പന്ദനം കൊള്ളിച്ചു കൊണ്ട്...." അങ്ങനെ...അങ്ങനെ.. അങ്ങനെ......