Tuesday, September 6, 2011

നോത്രദാമിലെ കൂനന്‍സ്കൂളില്‍ പഠിക്കുന്ന കാലത്താണ് പാവങ്ങള്‍ വായിക്കുന്നത്.. നീലൂരെ പഴയ ആ ലൈബ്രറി കെട്ടിടത്തില്‍  താടി നീണ്ട ലൈബ്രെരിയന്റെ   അടുത്തുനിന്നും ചുവന്ന പുറം ചട്ടയുള്ള ആ പുസ്തകം എടുത്തത്‌ ഇപ്പോളും ഓര്‍ക്കുന്നുണ്ട്... ജീന്‍ വാന്‍ ജീന്റെ കഥയൊക്കെ പലയിടത്തും നിന്ന് കേട്ടതാണ് പുസ്തകം  എടുക്കാന്‍ തോന്നാന്‍ കാരണം.. റേഡിയോ നാടകങ്ങളില്‍ നിന്നുമൊക്കെ പള്ളിയിലെ മെഴുകുതിരിക്കാലുകള്‍ മോഷ്ടിച്ച മുന്‍ തടവുകാരന്റെ കഥ കേട്ടിരുന്നു..പക്ഷെ വായന അത്രയ്ക്ക് സുഖമല്ലായിരുന്നു..  1924 ല്‍ നാലപ്പാട്ട് നാരായണ മേനോന്‍ നടത്തിയ വിവര്‍ത്തനം എഴുപതു വര്‍ഷത്തിനു ശേഷം ഒരു സ്കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ വായിക്കുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് പറയേണ്ടല്ലോ.. എന്തായാലും അത് വായിച്ചു തീര്‍ത്തിരുന്നു.. ഴാംഗ് വാല്‍ ഴാംഗ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള കഥ ഇന്നും മനസ്സില്‍ നിന്നും പോയിട്ടില്ല..മനുഷന്റെ കഷ്ടതതകളും ദുരിതങ്ങളും എത്ര മനോഹരമായാണ് അതില്‍ വരച്ചു കാണിച്ചത്..എം മുകുന്ദന്റെ അഭിപ്രായത്തില്‍ നോവലുകളുടെ അമ്മയാണ് "പാവങ്ങള്‍ "

അന്നേ കേട്ടിരുന്നു വിക്ടര്‍ ഹ്യൂഗോയുടെ മറ്റൊരു പ്രശസ്ത രചനയായ നോത്ര ഡാമിലെ കൂനനെക്കുറിച്ച്.. പക്ഷെ അക്കാലത്തൊന്നും അത് വായിക്കാന്‍ അവസരം കിട്ടിയില്ല..

കുറച്ചു നാള്‍ മുന്‍പാണ് ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച വിവര്‍ത്തനം കിട്ടിയത്..കെ.പി ബാലചന്ദ്രന്റെ വിവര്‍ത്തനം ആകര്‍ഷണീയമായി..
സത്യത്തില്‍  ആശ്ചര്യമാണ് തോന്നിയത്.1831 ലാണ് ഹ്യൂഗോ ഈ നോവല്‍ എഴുതിയത്.. കാലങ്ങള്‍ക്ക് ശേഷവും അതിന്റെ ഇതിവൃത്തത്തിന്റെ പ്രാധാന്യം  അസ്തമിച്ചിട്ടില്ല.
കൂനനും ചെകിടനുമായ വിരൂപിക്ക് ജിപ്സിപ്പെന്കുട്ടിയില്‍ തോന്നുന്ന സ്നേഹമാണ് പ്രമേയമെങ്കിലും അതിനിടയിലൂടെ കടന്നു വരുന്ന ജീവതത്തിന്റെ യാഥാര്‍ഥ്യം  ചിത്രീകരിച്ചിരിക്കുന്നത്  കാല, ദേശങ്ങള്‍ക്കതീതമായാണ്..അത് തന്നെയാണ് ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മളെ എണീല്‍ക്കാന്‍ പ്രേരിപ്പിക്കാത്തതും..

ചെവി കേള്‍ക്കാത്ത  നീതി പീഠം കൂനനില്‍ കുറ്റം ചാര്ത്തുന്നതാണ്  കഥയിലെ ഒരു പ്രധാന ഭാഗം..സമൂഹത്തിന്റെ അവഗണന മനുഷ്യനോടു  തന്നെ വെറുപ്പ്‌ തോന്നുന്ന രീതിയില്‍ കൂനനെ മാറ്റുന്നത്   എവിടെയും സംഭവിക്കാവുന്ന കാര്യമാണ് .

സ്നേഹം എങ്ങനെയാണ് ഇതിലും മനോഹരമായി ചിത്രീകരിക്കാന്‍ കഴിയുക ?  ജിപ്സി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി ആ കൂനന്‍ നടത്തുന്ന പരാക്രമങ്ങള്‍  നെഞ്ചുരുക്കും ....

കഥ പറയുന്നതിനൊപ്പം തന്നെ മതങ്ങളുടെ കണ്കെട്ട് വിദ്യകള്‍ എല്ലാ കാലത്തും ഉണ്ടെന്നും ഈ നോവല്‍ ഓര്മിപിക്കുന്നുണ്ട്‌..

ചെറിയ കാര്യങ്ങളെപ്പോലും അത്ഭുത കൃത്യങ്ങളായി ചിത്രീകരിക്കുന്നതും  അത് നടന്ന സ്ഥലങ്ങളില്‍ ആരാധാനാലയങ്ങള്‍ ഉയരുന്നതും പരിഹാസ രൂപേണ ഹ്യൂഗോ പറയുന്നുണ്ട്..അത് വായിച്ചപ്പോള്‍ ഞാനോര്‍ത്തു പോയി.. ഹ്യൂഗോ  നമ്മുടെ കാലത്തെയും നാടിനെയും മുന്‍കൂട്ടി കണ്ടിരുന്നോ?

കഥയുടെ അവസാനം കണ്ണ് നനയിപ്പിക്കുന്നതാണ്..എല്ലാ കരുതലുകളെയും ഭേദിച്ച് ജിപ്സിപ്പെന്കുട്ടി തൂക്കിലിടപ്പെട്ടു..

നാളുകള്‍ക്ക് ശേഷം അവളുടെ കല്ലറ പരിശോധിച്ചപ്പോള്‍  ആ അസ്ഥികൂടത്തിനെ  പുണര്‍ന്നു കിടക്കുന്ന കൂനന്റെ  അസ്ഥിപഞ്ജരം   കണ്ടെടുത്തു...അവര്‍ അസ്ഥിപന്ജ്ജരത്തെ  ആലിംഗനത്തില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അത് തകര്‍ന്നു പൊടിഞ്ഞു പോയി...

അത് വായിച്ച  എന്‍റെ ചങ്കും പൊടിഞ്ഞു പോയി...

13 comments:

അന്വേഷകന്‍ said...

വായിച്ചപ്പോള്‍ മനസ്സിലുടക്കിയ പുസ്തകമാണ് നോത്രദാമിലെ കൂനന്‍ ..

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരല്‍പം നീറ്റല്‍ മനസ്സിലും...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുസ്തകം വായിച്ചില്ല.
കാലാതിവര്‍ത്തിയായ ഇത്തരം രചനകള്‍ നമ്മുടെ മനസ്സിനെ വിട്ടകന്നു പോകാതെ വേട്ടയാടിക്കൊണ്ടിരിക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

കഥ പറയുന്നതിനൊപ്പം തന്നെ മതങ്ങളുടെ കണ്കെട്ട് വിദ്യകള്‍ എല്ലാ കാലത്തും ഉണ്ടെന്നും ഈ നോവല്‍ ഓർമ്മിക്കുന്നുണ്ട്‌..

ചെറിയ കാര്യങ്ങളെപ്പോലും അത്ഭുത കൃത്യങ്ങളായി ചിത്രീകരിക്കുന്നതും അത് നടന്ന സ്ഥലങ്ങളില്‍ ആരാധാനാലയങ്ങള്‍ ഉയരുന്നതും പരിഹാസ രൂപേണ ഹ്യൂഗോ പറയുന്നുണ്ട്...
ഹ്യൂഗോ നമ്മുടെ കാലത്തെയും നാടിനെയും മുന്‍കൂട്ടി കണ്ടിരുന്നോ?

അന്വേഷകന്‍ said...

@ ഇസ്മായില്‍ .. നന്ദി... ശരിയാണ്.. ക്ലാസിക്കുകള്‍ ഉണ്ടാകുന്നതെങ്ങനെയെന്നു ഈ വായനകള്‍ ഓര്‍മിപ്പിക്കുന്നു..

@ മുരളി ചേട്ടന്‍ .. നന്ദി .. ഈ വഴി വന്നതിന്‌.. മഞ്ചാടി കുറച്ചായി അടഞ്ഞു കിടക്കുവാരുന്നു.. ഇടയ്ക്കു വായിച്ചതൊക്കെ ഒന്ന് പങ്കു വയ്ക്കാമെന്ന് കരുതി..

Sidheek Thozhiyoor said...

നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ കെട്ടുപാടുകളെ കുറിച്ച് മുന്‍കൂട്ടി കണ്ടു പ്രവചിച്ച വ്യക്തിയാണ് ഹ്യുഗോ. ഓണാശംസകള്‍ .

ചന്തു നായർ said...

നാളുകള്‍ക്ക് ശേഷം അവളുടെ കല്ലറ പരിശോധിച്ചപ്പോള്‍ ആ അസ്ഥികൂടത്തിനെ പുണര്‍ന്നു കിടക്കുന്ന കൂനന്റെ അസ്ഥിപഞ്ജരം കണ്ടെടുത്തു...അവര്‍ അസ്ഥിപന്ജ്ജരത്തെ ആലിംഗനത്തില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അത് തകര്‍ന്നു പൊടിഞ്ഞു പോയി...
അത് വായിച്ച എന്‍റെ ചങ്കും പൊടിഞ്ഞു പോയി.. ഓർമ്മപ്പെടുത്തലിന് നന്ദി.........ഓണാശംസകൾ

Manoraj said...

നേത്രദാമിലെ കൂനന്‍ സംഗ്രഹീത പുനരാഖ്യാനം വായിച്ചിട്ടുണ്ട്. നിശാഗന്ധി പബ്ലിക്കേഷന്‍സിന്റെ. ഈ പരിചയം നന്നായിട്ടുണ്ട്. താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍ ഈ പുസ്തകപരിചയം പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിലേക്ക് ചേര്‍ത്തുകൊള്ളട്ടെ? ബ്ലോഗ് ലിങ്ക് ഇതാ.. http://malayalambookreview.blogspot.com/

വിരോധമില്ലെങ്കില്‍ അറിയിക്കുക.

അന്വേഷകന്‍ said...

@ സിദ്ധീക്ക.. : നന്ദി...ഓണാശംസകള്‍ തിരിച്ചും...

@ ചന്തു ചേട്ടന്‍ : ഓണാശംസകള്‍

@ Manoraj : താങ്കളുടെ പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗ് നേരത്തെ കണ്ടിരുന്നു. അതില്‍ പെടാനുള്ള യോഗ്യത ഈ കുറിപ്പിനുണ്ടോ ? എന്തായാലും വളരെ സന്തോഷം.. ഓണാശംസകള്‍ ..

ente lokam said...

മതങ്ങള്‍ എന്നും അധികാരം അവസാനത്തെ
ആഗ്രഹം ആയി ചിത്രീകരിക്കും...വാസ്തവം തിരിച്ചും...

പക്ഷെ പാല് കുടിക്കുന്ന ബിംബങ്ങളും കണ്ണീര്‍
പൊഴിക്കുന്ന തൂവാലകളും ദിവ്യ പ്രകാശം പൊഴിക്കുന്ന
പാതിരാ പ്രതിമകളും സത്യം എന്ന് വിശ്വസിക്കുന്ന പാവപ്പെട്ട
വിശ്വാസികള്‍ക്ക് അധികാരം ഒരിക്കലും അടുത്ത് അല്ല...
ഹുഗോ ഇതൊക്കെ അന്നെ കണ്ടിരുന്നു...നന്ദി ഈ
വായന പങ്കു വെച്ചതിനു അന്വേഷകന്‍...

Echmukutty said...

ഇത് നേരത്തെ വായിച്ചിരുന്നു. അന്ന് കമ്പ്യൂട്ടർ മുഖം വീർപ്പിച്ചതുകൊണ്ട് കമന്റൊന്നും ഇട്ടില്ല.
പാവങ്ങൾ, നോത്ര ദാമൈലെ കുനൻ, 93....എല്ലാം ഒന്നിനൊന്നു മികച്ച രചനകൾ. കാലങ്ങൾക്ക് മുൻപേ നടന്ന ആ എഴുത്തുകാരനെ ഓർമ്മപ്പെടുത്തിയത് നന്നായി.
ഇനിയും എഴുതുമല്ലോ.

അന്വേഷകന്‍ said...

@ ente lokam നന്ദി..

@Echmukkutty .. നന്ദി.. വായിക്കുന്നതൊക്കെ ഇതുപോലെ കുറിപ്പായി എഴുതണമെന്ന് കരുതുന്നു..

ajith said...

പാവങ്ങള്‍ വായിച്ച് അത്ഭുതസ്തബ്ധനായിരുന്നിട്ടുണ്ട്. കൂനന്‍ ഇതുവരെ വായിച്ചിട്ടില്ല, ഇതിവൃത്തം അറിയാമെങ്കിലും.

Anil cheleri kumaran said...

എന്റെയും ഇഷ്ടവായനകളിലൊന്ന്.

Post a Comment

വായാനാനുഭവങ്ങള്‍...